ഓണം



ഒരു തുമ്പപ്പൂ പോലും ഇല്ലാതെ എന്റെ ഓണം കഴിഞ്ഞുപോയി….
തുമ്പയും മുക്കൂറ്റിയും തെച്ചിയും കാക്കപ്പൂവും
തുമ്പ് പൊക്കിപ്പിടിച്ച പാവാടക്കൊട്ടയില്‍ നിറച്ച്
എന്റെ സ്വ​പ്നങ്ങള്‍ ഭൂതകാലത്തിലേക്ക് നടന്നുപോയി..
തോണി തുഴഞ്ഞുപോയി പറിച്ചുകൊണ്ടുവരുന്ന
ഇളം റോസ് നിറമുള്ള ആമ്പല്‍പ്പൂക്കള്‍ക്ക്..
എത്ര കഥകള്‍ പറയാനുണ്ടായിരുന്നു..
വള്ളപ്പടിയിലിരുന്ന് ആമ്പല്‍ത്തണ്ട് ഒടിച്ച് മാലയാക്കി എത്ര കല്ല്യാ​ണങ്ങള്‍…
കുരുകളഞ്ഞ് ഉപ്പുചേര്‍ത്ത് തിരുമിയുടച്ച്
വെയിലില്‍ വച്ചുണക്കിയ വാളന്‍പുളി നുണഞ്ഞ്
കാട്ടു വഴികളിലൂടെയുള്ള അലച്ചില്‍.
ആട്ടിന്‍ കുഞ്ഞുങ്ങളെ തീറ്റാനെന്ന വ്യാജേന
പാടവരമ്പിലെ കളിക്കൂട്ടങ്ങള്‍
തീറ്റപ്പുല്ലിനിടയില്‍ പെറ്റുകിടന്ന പട്ടിയുടെ
പല്ലിന്റെ തുമ്പില് നിന്നും ജീവനും കൊണ്ട് ഓടിയ ഓട്ടം..
കുഞ്ഞിത്തവളകളെപ്പിടിച്ച്
കാവിലെക്കുളത്തില് മീനുകള്‍ക്ക് തീററയായി നല്‍കിയത്..
ഓണം ഓര്‍മ്മയാണ്..
ബാല്യ​ത്തിനൊപ്പം
ജീവിതത്തിന്റെ ഭൂതകാലത്തില് മറഞ്ഞ
വെറുമൊരോര്‍മ്മ……